കാക്കനാട് :തൃക്കാക്കര നഗരസഭയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ റവന്യൂ- ആരോഗ്യ വിഭാഗ നേതൃത്വത്തിൽ പരിശോധന നടത്തി. പരിശോധനയിൽ ലൈസൻസില്ലാത്ത ഏഴ് സ്വകാര്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നഗരസഭ നാലാം വാർഡിലെ ഭാരതമാത കോളജ് പരിസരത്തെ നാല് സ്വകാര്യ കെട്ടിടങ്ങളിലായിരുന്നു പരിശോധന. 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴെണ്ണം ലൈസസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടത്തി. 125 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 2019 മുതൽ ജീവനക്കാരുടെ തൊഴിൽ നികുതിയും അടക്കുന്നില്ല. ബഹുനില കെട്ടിടങ്ങളിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ലൈസൻസുള്ളത്. ഇവിടെ പ്രവർത്തിക്കുന്നതിൽ ഭൂരിഭാഗവും ഐ.ടി സ്ഥാപനങ്ങളാണ്. ലൈസൻസ് ഇല്ലാത്തതിനും തൊഴിൽ നികുതി അടക്കാത്തതിനും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വൈസ് ചെയർമാൻ പി.എം യൂനിസ് പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ മധു കുമാർ, റവന്യൂ ഇൻസ്പെക്ടർ ജയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ജെ ഷംല, അബ്ദുൽ സത്താർ, നിതീഷ് റോയ്, സബീന, ജെന്നി ജോസ്, താരിഫ് ഇബ്രാഹിം, അമൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്.































